നിരന്തരമായ ജീവിത സമരങ്ങളിലൂടെയാണ് മനുഷ്യ സമൂഹം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. പഴമകളെ പുറം തള്ളാനും പുതിയവയെ പുണരാനും ആയിരുന്നു ഓരോ സമരവും.പുതുമയിലേക്കു മാറാനുള്ള ശക്തമായ ഉപകരണം തന്നെ ആയിരുന്നു സമരങ്ങൾ. അതുകൊണ്ട് ലോകജനത സമരങ്ങളെ ആരാധനയോടെ സ്വീകരിക്കുന്നു.ജനകീയ ആവശ്യങ്ങൾക്കായി ജനങ്ങളിൽ നിന്നും ഉണ്ടായി വരേണ്ടതാണു സമര കാരണങ്ങൾ. എങ്കിൽ മാത്രമേ സമരങ്ങളിൽ ജന പങ്കാളിത്തം ഉണ്ടാവുകയുള്ളൂ.
സമരങ്ങളും ജീവിത ഗന്ധി ആയിരിക്കണം. അതൊരു അനുഷ്ഠാന കല പോലെ ഒരു ചടങ്ങായി മാറരുത്.സമരങ്ങൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. അതു പോലെ മാർഗ്ഗവും വേണം. അതു നടപ്പിലാക്കാനുള്ള കൃത്യമായ രൂപരേഖയും വേണം. കഴിവതും സൃഷ്ടിപരമായ സമരങ്ങളാണ് ഇനി വേണ്ടത്.നശീകരണ സമരങ്ങളിൽ പൊതുമുതലും അല്ലാത്ത മുതലുകളും നശിക്കുന്നു എന്നു മാത്രമല്ല സാമൂഹ്യ വിരുദ്ധർക്കു സമരങ്ങളിൽ കടന്നു കയറി അക്രമം കാട്ടാനുള്ള അവസരങ്ങളും ഉണ്ടാവുന്നു.
സമരങ്ങൾ ജനശ്രദ്ധ ആകർഷിക്കാൻ മാത്രമാവരുത്.പലപ്പൊഴും മാദ്ധ്യമ ശ്രദ്ധ നേടി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാം എന്ന വിധത്തിൽ പലരും സമരം സംഘടിപ്പിക്കാറുണ്ട്. .പക്ഷെ പെട്ടെന്നു പ്രചാരണം കൊടുത്തു നടത്തുന്നൊരു കലാപരിപാടി പോലെ ആളുകൾ അതു കണ്ടു മടങ്ങും എന്നല്ലാതെ മറ്റൊരു ഗുണവും അതുകൊണ്ടുണ്ടാകാൻ പോകുന്നില്ല.മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയില്ലേ എന്നാണ് സമരഫലങ്ങളെ കുറിച്ചു പറയുമ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നത്. അത്തരക്കാർ ‘എന്നിട്ട്?’ എന്നൊരു ചോദ്യത്തിനും കൂടി ഉത്തരം കണ്ടെത്തുക.
പ്രതീകാത്മക സമരങ്ങൾ എന്നൊരു സമരരൂപത്തെ കുറിച്ചു പലരും പറഞ്ഞു കേൾക്കുന്നു.പ്രതീകാത്മക സമരങ്ങൾ എല്ലാം തന്നെ വെറും അനുഷ്ഠാന കലാ രൂപങ്ങൾ തന്നെയാകുന്നു. പഴക്കം ചെന്നതും കണ്ടു മടുത്തതുമായ സമരമുറകൾ ജനങ്ങളിൽ മടുപ്പുണ്ടാക്കും. ഇനി നമുക്കു വേണ്ടത് ജീവനുള്ള സമര രൂപങ്ങളാണ്.ജീവിതം തന്നെ സമരമാകുന്ന സമരങ്ങൾ .അതുകൊണ്ടു മാത്രമേ നല്ലതും നില നിൽക്കുന്നതുമായ സാമൂഹ്യ മാറ്റം സംഭവിക്കുകയുള്ളൂ.