ഒക്ടോബർ 3,4,5 തീയതികളിൽ കോങ്ങാട് ഒളപ്പമണ്ണ മനയിൽ വച്ച് സാരംഗ് വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസരപഠന ക്യാമ്പിൽ നിന്നും ഒരു പാഠം.
‘എല്ലാ കളകളും വെറും കളകളല്ല’ എന്നതായിരുന്നു ക്യാമ്പിന്റെ പ്രമേയം .അതിന്റെ ഭാഗമായി ഔഷധമായോ ഭക്ഷണമായോ ഉപയോഗിക്കാവുന്ന ‘കളകളെ ‘ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.(എന്താണെന്ന് അറിയാത്തവർക്ക് ഏതു ചെടികളും കളകൾ മാത്രമാണല്ലോ)
ക്യാമ്പിലെ ഒരു ഇനം. കണ്മഷി നിർമ്മാണം
.ഘട്ടം ഒന്ന്.
ഉപയോഗിച്ച കളകൾ.മുക്കുറ്റി , തിരുതാളി, പൂവാംകുരുന്നില, മുയൽച്ചെവിയൻ,കയ്യുണ്യം, ചെറൂള,കറുക,വിഷ്ണുക്രാന്തി,നിലപ്പന, ഉഴിഞ്ഞ (ഇവയെ ദശപുഷ്പങ്ങൾ എന്നു പറയുന്നു.) എന്നിവ
മേൽപ്പറഞ്ഞ ദശപുഷ്പങ്ങളും തുളസി വെറ്റിലയും ഇടിച്ചു പിഴിഞ്ഞ നീരിൽ ചെറുനാരങ്ങാനീരും ചേർത്ത് ഇളക്കുക.അതിൽ നല്ല ഉവെളുത്ത പരുത്തിത്തുണി മുക്കി തണലത്തിട്ട് ഉണക്കിയെടുക്കുക.തുണി ഉണങ്ങാറാവുമ്പോൾ വീണ്ടും വീണ്ടും മുക്കി ചാറു തീരും വരെ മുക്കി ഉണക്കിയെടുത്തു സൂക്ഷിച്ചു വയ്ക്കണം.
ഘട്ടം.2
ഈ തിരിശീല സാമാന്യം വലിപ്പമുള്ള തിരിയായി തെറുത്ത് നറുനെയ്യോ നല്ലെണ്ണ്ണയോ ഒഴിച്ച് ഒരു പാത്രത്തിൽ വച്ച് വിളക്കു കത്തിക്കുമ്പോലെ കത്തിക്കുക.ആ നാളത്തിനു മേലെ വൃത്തിയുള്ളൊരു പുത്തൻ മൺ ചട്ടി കമഴ്ത്തി വയ്ക്കുക. വിളക്കിലെ നാളത്തിൽ നിന്ന് മൺചട്ടിയിൽ കരി പിടിക്കത്തക്ക വിധം വേണം ചട്ടി വയ്ക്കുവാൻ. തിരി തീരും വരെ എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം.
ഘട്ടം.3
ചട്ടിയിലെ കരി യിലേക്ക് അഞ്ജനക്കല്ലും കർപ്പൂരവും നന്നായി പൊടിച്ചെടുത്തു ചേർക്കുക നറുനെയ്യിൽ കണ്മഷിക്കു വേണ്ട പരുവത്തിൽ ചാലിച്ചെടുക്കുക. ഇത് ഒരു വൃത്തിയുള്ള ചെറിയ ഡപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം.ഉത്തരവാദിത്തമുള്ളതും ശുദ്ധവുമായ നമ്മുടെ കണ്മഷി തയ്യാർ.ഒന്നെഴുതി നോക്കുക.ആ കുളിർമ്മ ആസ്വദിക്കുക.