‘കുഞ്ച് രാമ്പള്ളം’ നോവൽ ജനിച്ചത് ഇങ്ങനെ.
കഴിഞ്ഞ 34 കൊല്ലങ്ങളിലായി സാരംഗിൽ ശ്രദ്ധേയമായ പല പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. വറ്റിപ്പോയ ഉറവു പുനർജ്ജനിപ്പിക്കാനുള്ള ആദ്യപരീക്ഷണം കേരളത്തിൽ വിജയിച്ചത് സാരംഗിലാണ്. അതിന്റെ ഭാഗമായി സാരംഗ് മോഡൽ തടയണകളും ഞങ്ങൾ രൂപപ്പെടുത്തുകയുണ്ടായി. 2002 ഫെബ്രുവരിയിൽ കർഷകശ്രീ മാസികയിൽ വന്ന റിപ്പോർട്ടാണു ചുവടെ.
വിജയിക്കുന്ന പരീക്ഷണഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ സ്ലൈഡു പ്രദർശനങ്ങൾ, ചുവരെഴുത്തുകൾ, നാടകാവതരണങ്ങൾ, ലേഖനങ്ങൾ,നോട്ടീസുകൾ ,ലഘുലേഖകൾ എന്നിവയൊക്കെ ഞങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഉറവയുടെ പുനർജ്ജനനവും അതിനായുള്ള ജലസംരക്ഷണപ്രവർത്തനവും കേരളം ഒട്ടുക്ക് സാധാരണക്കാർ അറിയണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ‘കുഞ്ച് രാമ്പള്ളം’ എന്ന കഥയുടെ ആശയം. ആദ്യം അതൊരു സിനിമാ സ്ക്രിപ്റ്റ് ആയിരുന്നു. സിനിമ നടക്കാതെ വന്നപ്പോൾ നീണ്ടകഥയാക്കി മാറ്റി. അതു പ്രസിദ്ധീകരിക്കാൻ ആളെ കിട്ടാതായപ്പോൾ അതൊരു നോവലാക്കി.കഴിഞ്ഞ പന്ത്രണ്ടു -പതിമൂന്നു കൊല്ലമായി ഈ നോവൽ പലരൂപത്തിലാക്കി പുതുക്കി പണിയുകയായിരുന്നു ഞങ്ങൾ.ഇപ്പോൾ പൂർണ്ണമായി എഴുതി തീർത്ത മറ്റു രണ്ടു ‘കുഞ്ചുരാമ്പള്ള’ങ്ങൾ കൂടി ഞങ്ങളുടെ കൈവശമുണ്ട്.
സംഭ്രമജനകമായ സംഭവപരമ്പരകളിലൂടെ അട്ടപ്പാടിയിലെ വരൾച്ചയുടെയും അതു ജനകീയമായി തരണം ചെയ്യുന്ന സാധാരണമനുഷ്യരുടെയും കഥ പറയുകയാണ് ഈ നോവലിലൂടെ. വായിക്കുക. വിലയിരുത്തുക