“ഹലോ,”.
“മണികണ്ഠനാണോ?”
കുട്ടിക്കാലം കുട്ടിക്കളികളുടെ കാലമാണ്. കുട്ടിക്കളി വെറും കുട്ടിക്കളിയല്ല.ശരീരത്തിലെ ഓരോ അവയവത്തെയും മനസ്സിനേയും ശരിയായ വിധം പ്രവർത്തിപ്പിക്കുവാൻ പ്രകൃതി കൊടുത്തിട്ടുള്ള പരിശീലന പരിപാടിയാണത്.
ചിത്രത്തിൽ ഹിരണ്യയും കളിക്കൂട്ടുകാരൻ മണികണ്ഠനും ഫോൺ വിളിക്കുന്നതു കണ്ടില്ലേ? അവരുടെ കൈകളിൽ ഓരോ മരക്കട്ടകളുണ്ട്. അവർ അതിൽ നമ്പറുകൾ ഞെക്കുന്നുണ്ട്. അങ്ങേത്തലക്കൽ നിന്നുള്ള സംസാരം കേൾക്കുന്നതായി ഭാവിക്കുന്നുണ്ട്. അവിടന്നുള്ള സംസാരത്തിനു മറുപടി കൊടുക്കുന്നുണ്ട്. സന്ദർഭത്തിനനുസരിച്ച് വിവിധ ഭാവങ്ങളിൽ സംസാരിക്കുന്നുണ്ട്. ഇവിടെ അവരുടെ തലച്ചോറുകൾ അങ്ങേയറ്റം പ്രവർത്തിക്കുകയാണ്. ഭാവന ഉയർത്തുകയാണ്. പുതിയ പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിച്ചെടുക്കുകയാണ്.ഇത്ര രസകരമായി ഇതെല്ലാം ഇങ്ങനെ പഠിച്ചെടുക്കുവാൻ ലോകത്ത് ഒരു സൂത്രവും ഇന്നേവരെ ആരും കണ്ടെത്തിയിട്ടില്ല.
ഹിരണ്യയും അനിയൻ പാർത്ഥനും ഇരുളഭാഷ പഠിച്ചെടുത്തത് ഈ ‘മണികണ്ഠ ഗുരു’വിന്റെ കൂടെ കൂടിയതു കൊണ്ടാണ്. ഇന്ന് ഹിരണ്യ മണികണ്ഠനൊപ്പം ഇരുളഭാഷ സംസാരിക്കുന്നു. അട്ടപ്പാടിയിൽ ജീവിക്കേണ്ടി വരുന്ന ഏതൊരു മനുഷ്യനും അട്ടപ്പാടിയിലെ ഇരുളരുമായി അടുത്തിടപഴകാനും നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാനും അവരുടെ ഭാഷയും സംസ്കാരവും വേണ്ടത്ര മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പിൽക്കാല ജീവിതത്തിന് അത്യന്താപേക്ഷിതമായ പല കാര്യങ്ങളും പരിശീലിച്ചെടുക്കുന്നത് കുട്ടിക്കളികളിലൂടെയാണ്. ഈ പ്രായത്തിൽ പള്ളിക്കൂടത്തിൽ പോകുന്നതിനേക്കാൾ കുട്ടികൾക്കു നല്ലത് ഇത്തരം കുട്ടിക്കളികൾ തന്നെയാകുന്നു.
