മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
ഒന്നര നൂറ്റാണ്ടു മുമ്പ് അന്നത്തെ പ്രശ്നങ്ങൾക്കു പരിഹാരമായി അന്നത്തെ മനുഷ്യൻ എഴുതിയുണ്ടാക്കിയ കമ്മ്യൂണിസത്തിനോ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അന്നത്തെ പ്രശ്നങ്ങൾക്ക് അന്നത്തെ മനുഷ്യർ കണ്ടെത്തിയ മതങ്ങൾക്കോ ഈ സൈബർ യുഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമോ? കാറു നന്നാക്കാൻ കാളവണ്ടി നന്നാക്കുന്നയാളെത്തന്നെ സമീപിക്കണോ?
മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.എല്ലാ രംഗത്തും മാറ്റം അനിവാര്യമാകുന്നു.
ഇതെന്തൊരു ഭക്തിയാണ്!
വളരെ ആശങ്കയോടെയാണ് ഈ പോസ്റ്റ്.
ഈ ഗണേശോൽസവം പോലെയുള്ള ആചാരങ്ങൾ കുറച്ചുകാലങ്ങളേ ആയിട്ടുള്ളൂ ഇവിടെ കുടിയേറിയിട്ട്. എന്തിനിങ്ങനെ മത്സരിച്ച് മത്സരിച്ച് ആചാരങ്ങൽ നടത്തുന്നു? ഇതുമൂലം ഉണ്ടാകുന്ന അസൗകര്യങ്ങളും മറ്റും മത വിശ്വാസികൾ ഒന്നു പരിഗണിക്കുമോ? ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വിലപിടിപ്പുള്ളതാണത്രേ ഈ താൽക്കാലിക വിഗ്രഹങ്ങൾ! കൂടുതൽ കൂടുതൽ വലിപ്പമുള്ള വിഗ്രഹങ്ങൾ വാങ്ങി നഗരിചുറ്റാൻ ഹിന്ദുക്കൾ തന്നെ പരസ്പരം മൽസരിക്കുകയാണ്! ഇതെന്തൊരു ഭക്തിയാണ്! പുഴകളിൽ ഇതു നിമഞ്ജനം ചെയ്യാനുള്ള കഷ്ടപ്പാടു വേറെ. ആരാധിച്ച വിഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ കോഴിമാലിന്യം പോലെ അവഗണിച്ചു തള്ളുന്നതും ശരിയാണോ എന്നു കൂടി ആലോചിക്കേണ്ടതാണ്. നിവേദിക്കുന്ന പൂക്കളും മറ്റും മനുഷ്യർ ചവിട്ടുക പോലും ചെയ്യാത്ത ഇടങ്ങളിലാണ് ഹിന്ദുക്കൾ മുമ്പ് നിക്ഷേപിച്ചിരുന്നത്. എന്തിന്, വീടുകളിൽ ഇടുന്ന പൂക്കളങ്ങളിലെ പൂവുകൾ പുരപ്പുറത്തേക്കു വലിച്ചെറിയുന്നൊരു പതിവു ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്നു. അല്ലെങ്കിൽ മനുഷ്യരുടെ കാലടി പതിയാത്ത സ്ഥലങ്ങളിൽത്തന്നെയാണ് ഉപേക്ഷിച്ചിരുന്നത്.
മതം വളർന്നോട്ടേ, പക്ഷെ അനാചാരങ്ങൾ വളർത്തണോ? ഇപ്പോൾത്തന്നെ കേരളത്തിൽ ആചാരങ്ങൾ ധാരാളമാണ്. ഇനിയും പുതിയവ ഇറക്കുമതി ചെയ്യണോ, വെറുതെ പണം ധൂർത്തടിക്കണോ എന്നും ആലോചിക്കുക.ഇതൊക്കെ കച്ചവടക്കണ്ണൂള്ള തല്പര കക്ഷികളുടെ ചില വേലകളാണെന്നും അറിയുക. ‘അക്ഷയ ത്രിതീയ’ പോലുള്ള മറ്റൊരു തട്ടിപ്പ്! മത വിശ്വാസവും ഈശ്വര വിശ്വാസവും രണ്ടാണെന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഈ സാക്ഷര കേരളം കാണിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്..

കാലം തെറ്റി പെയ്യുന്ന മഴയും മഴപെയ്യാത്ത കർക്കിടകവും കടന്നു പോയി.
കാലം തെറ്റി പെയ്യുന്ന മഴയും മഴപെയ്യാത്ത കർക്കിടകവും കടന്നു പോയി. എന്നിട്ടും മഴയില്ല. അട്ടപ്പാടി വരണ്ടുണങ്ങുകയാണ്. പലസ്ഥലങ്ങളിലുംകുടിവെള്ളത്തിനുള്ള പരക്കം പാച്ചിൽ തുടങ്ങിക്കഴിഞ്ഞു.
കുഞ്ച് രാമ്പള്ളം എന്ന നോവലിന്റെ പ്രസക്തി ഇതാണ്. ഈ കടുത്ത പ്രകൃതി ദുരന്തം നമ്മളായിട്ട് ഉണ്ടാക്കി വച്ചതാണ്. നമ്മൾ തന്നെ അതിനു പരിഹാരവും കണ്ടേ തീരൂ. ആ പരിഹാരം എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിക്കുകയാണ് ഈ നോവലിലൂടെ.
മിക്ക ബ്രാഞ്ചുകളിലും ‘കുഞ്ച് രാമ്പള്ളം’ തീർന്നിരിക്കുന്നു. പുസ്തകം സ്വന്തമായി വാങ്ങി വായിച്ചും അഭിപ്രായങ്ങൾ നേരിട്ടറിയിച്ചും സഹകരിച്ച എല്ലാ സഹൃദയർക്കും ഞങ്ങളുടെ പ്രത്യേക സന്തോഷം അറിയിക്കുന്നു. പുസ്തകം കിട്ടാനില്ലെന്ന് അറിയിച്ചവരും ഉണ്ട്. രണ്ടാം പതിപ്പ് ഇറക്കുന്നതിനുള്ള എഴുത്തുകുത്തുകൾ നടക്കുന്നു. ഉടൻ തന്നെ അതു സംഭവിക്കുമെന്നു കരുതട്ടെ.
Review about ‘Kunchrampallam’, the novel written by my parents : Get your copy from the nearest DC book branch! Also available online. 🙂

“ഹലോ,”. “മണികണ്ഠനാണോ?”
“ഹലോ,”.
“മണികണ്ഠനാണോ?”
കുട്ടിക്കാലം കുട്ടിക്കളികളുടെ കാലമാണ്. കുട്ടിക്കളി വെറും കുട്ടിക്കളിയല്ല.ശരീരത്തിലെ ഓരോ അവയവത്തെയും മനസ്സിനേയും ശരിയായ വിധം പ്രവർത്തിപ്പിക്കുവാൻ പ്രകൃതി കൊടുത്തിട്ടുള്ള പരിശീലന പരിപാടിയാണത്.
ചിത്രത്തിൽ ഹിരണ്യയും കളിക്കൂട്ടുകാരൻ മണികണ്ഠനും ഫോൺ വിളിക്കുന്നതു കണ്ടില്ലേ? അവരുടെ കൈകളിൽ ഓരോ മരക്കട്ടകളുണ്ട്. അവർ അതിൽ നമ്പറുകൾ ഞെക്കുന്നുണ്ട്. അങ്ങേത്തലക്കൽ നിന്നുള്ള സംസാരം കേൾക്കുന്നതായി ഭാവിക്കുന്നുണ്ട്. അവിടന്നുള്ള സംസാരത്തിനു മറുപടി കൊടുക്കുന്നുണ്ട്. സന്ദർഭത്തിനനുസരിച്ച് വിവിധ ഭാവങ്ങളിൽ സംസാരിക്കുന്നുണ്ട്. ഇവിടെ അവരുടെ തലച്ചോറുകൾ അങ്ങേയറ്റം പ്രവർത്തിക്കുകയാണ്. ഭാവന ഉയർത്തുകയാണ്. പുതിയ പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിച്ചെടുക്കുകയാണ്.ഇത്ര രസകരമായി ഇതെല്ലാം ഇങ്ങനെ പഠിച്ചെടുക്കുവാൻ ലോകത്ത് ഒരു സൂത്രവും ഇന്നേവരെ ആരും കണ്ടെത്തിയിട്ടില്ല.
ഹിരണ്യയും അനിയൻ പാർത്ഥനും ഇരുളഭാഷ പഠിച്ചെടുത്തത് ഈ ‘മണികണ്ഠ ഗുരു’വിന്റെ കൂടെ കൂടിയതു കൊണ്ടാണ്. ഇന്ന് ഹിരണ്യ മണികണ്ഠനൊപ്പം ഇരുളഭാഷ സംസാരിക്കുന്നു. അട്ടപ്പാടിയിൽ ജീവിക്കേണ്ടി വരുന്ന ഏതൊരു മനുഷ്യനും അട്ടപ്പാടിയിലെ ഇരുളരുമായി അടുത്തിടപഴകാനും നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാനും അവരുടെ ഭാഷയും സംസ്കാരവും വേണ്ടത്ര മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പിൽക്കാല ജീവിതത്തിന് അത്യന്താപേക്ഷിതമായ പല കാര്യങ്ങളും പരിശീലിച്ചെടുക്കുന്നത് കുട്ടിക്കളികളിലൂടെയാണ്. ഈ പ്രായത്തിൽ പള്ളിക്കൂടത്തിൽ പോകുന്നതിനേക്കാൾ കുട്ടികൾക്കു നല്ലത് ഇത്തരം കുട്ടിക്കളികൾ തന്നെയാകുന്നു.

ലോകമേ വിദ്യാലയം!
ലോകമേ വിദ്യാലയം!
നമ്മുടെ ജീവിതം വളരെ വളരെ സങ്കീർണ്ണമാണ്. മറ്റു ജന്തുക്കളെപ്പോലെ ജീവിച്ചു പോവാൻ നമുക്കാവില്ല. വെറും എഴുത്തും വായനയും മാത്രമുള്ള വിദ്യാഭ്യാസത്തിൽ നിന്ന് നമ്മൾ കളം മാറ്റിച്ചവിട്ടുക തന്നെ വേണം. ഏതു പ്രതിസന്ധികളേയും അതിജീവിക്കാനുള്ള മെയ്ക്കരുത്തും മന:കരുത്തും നേടാനാവുന്ന വിദ്യാഭ്യാസമാണു ആധുനിക കാലം ആവശ്യപ്പെടുന്നത്.മനസ്സിനും ശരീരത്തിനും ആവശ്യത്തിന് അഭ്യാസബലമുള്ളവർക്കു മാത്രമേ ഈ ജീവിതത്തിൽ വിജയകരമായി ജീവിക്കാനാവുകയുള്ളൂ.
ഹിരണ്യയും പാർത്ഥനും അവരുടെ പതിവുള്ള കളികളിലാണ്. ഈ കളിയുടെ ആശാൻ അവരുടെ കളിക്കൂട്ടുകാരനായ മണികണ്ഠൻ ആകുന്നു. ഇരുളഭാഷയും ഇത്തരം അഭ്യാസങ്ങളും പഠിപ്പിക്കുന്നത് ആ ‘മണികണ്ഠ ഗുരു’വാണ്. കക്ഷിക്ക് എന്നും സ്കൂളിൽ പോകണം. ലോകം മുഴുവനും വിദ്യാലയമായി കിട്ടിയ ഹിരണ്യക്കും പാർത്ഥനും പഠിക്കാനായി വേറെവിടെ പോകാനാണ്!

ഇത് വലിയൊരു അംഗീകാരമാകുന്നു.
ശ്രീ.റോബിൻ എബ്രാഹം പരിചയപ്പെടുത്തിയതുകൊണ്ടാണ് ശ്രീ. സുരേഷ് നന്ദൻ കോടിന് ‘താങ്ങാവുന്ന വിദ്യാഭ്യാസം’ വായിക്കാൻ കഴിഞ്ഞത്. അദ്ദേഹം വായിക്കുക മാത്രമല്ല മറ്റുള്ളവരും വായിക്കേണ്ട പുസ്തകമാണെന്ന മുഖക്കുറിപ്പോടെ ഒരു പോസ്റ്റും ഇട്ടിരിക്കുന്നു!.ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു അംഗീകാരമാകുന്നു. മലയാളത്തിലെ ‘മഹാന്മാരായ’ നിരൂപകന്മാരുടെ കണ്ണിൽ പെട്ടില്ലെങ്കിലും വായിക്കേണ്ടവർ വായിക്കുന്നു, നിരൂപണം നടത്തുന്നു, മറ്റുള്ളവരോട് വായിക്കാൻ ശുപാർശ ചെയ്യുന്നു.അങ്ങനെ മാത്രമാണ് ഈ പുസ്തകം ആറാം പതിപ്പിൽ എത്തിയത്. നന്ദി,റോബിൻ, നന്ദി സുരേഷ്.
അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാറിൽ നിന്ന്.
മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാറിൽ നിന്ന്.അതിന്റെ ചുമതലക്കാരി ശ്രീമതി വെബ്ബെറുമായി ഒരു അനൗപചാരിക ചർച്ച. പരിപാടി ഇന്ന് വൈകിട്ട് അവസാനിക്കും. സാരംഗിന് നല്ല സ്വീകരണമായിരുന്നു.

ആ സെമിനാറും കഴിഞ്ഞു.
ആ സെമിനാറും കഴിഞ്ഞു.സാരംഗിൻ് ഒത്തിരി പുകഴ്ത്തലുകളും വാഴ്ത്തലുകളും കിട്ടി. സെമിനാറിനു പുറത്തെലോകം ഒരു മാറ്റവുമില്ല്ലാതെ ഒഴുകുന്നു. ഒഴുകിക്കൊണ്ടിരിക്കുന്നു. ഞങ്ങൾക്കിതൊക്കെ അറിയാഞ്ഞിട്ടല്ല, ചിലപ്പോൾ ചിലത് ഒഴിവാക്കാൻ കഴിയാതെ വരുന്നു.
സെമിനാർ നടക്കുന്ന ഹാളിനു തൊട്ട് വെളിയിൽ തനിച്ചു വരച്ചുണ്ടാക്കിയ ചിത്രങ്ങളുമായി കുറെയേറെ ചിത്രകാരന്മാർ. അവർക്ക് അതു വിറ്റു കിട്ടിയിട്ടു വേണം ഉപജീവനം നടത്താൻ. മാറ്റമില്ലാത്തൊരു ലോകം. അത് എവിടെയുമുണ്ട്. മുംബൈയിലെപ്പോലെ അട്ടപ്പാടിയിലും. ആ മാറാത്ത ലോകത്ത് മാറ്റം വരുത്തുമ്പോഴാണ് സാരംഗിനു പ്രസക്തിയുണ്ടാവുന്നത്.
ഞങ്ങൾ രാവിലെ പുറപ്പെടുന്നു.വൈകിട്ടോടെ സാരംഗിൽ തിരിച്ചെത്തും. ഞങ്ങളുടെ സ്വപ്നഭൂമി,കർമ്മമണ്ഡലം. അവിടെയിരുന്ന് എന്തെങ്കിലും ചെയ്യുമ്പോഴുള്ള സുഖം മറ്റെവിടെ കിട്ടാൻ!
ഞങ്ങളുടെ കുഞ്ച് രാമ്പള്ളവും!
സിസ്റ്റർ ജസ്മിയുടെ ‘പെണ്മയുടെ വഴികൾ’.
ജോർജ്ജ് ഓണക്കൂറിന്റെ ‘ആകാശ ഊഞ്ഞാൽ’.
പൗലോ കൊയ്ലോയുടെ ‘ചാരസുന്ദരി’.
ഖ്ദീജാ മുംതാസിന്റെ ‘നീട്ടിയെഴുത്തുകൾ’.
രാജീവ് ശിവ്ശങ്കരന്റെ ‘മറപൊരുൾ’.
പിന്നെ…
ഞങ്ങളുടെ കുഞ്ച് രാമ്പള്ളവും!
കുഞ്ച് രാമ്പള്ളത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങാൻ പോകുന്ന ഈ സമയത്ത് ഞങ്ങളുടെ ആദരവും സന്തോഷവും നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കുന്നതെങ

റാഗിംഗ് എന്ന കാടത്തരം
റാഗിംഗ് എന്ന കാടത്തരം.
വായിക്കുക, പ്രതികരിക്കുക.
ഈ കാടൻമാമൂൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും സജീവമാണെന്ന് വാർത്തകളിൽ നിന്നും അറിയുന്നു. ഇതു തുടച്ചു മാറ്റി. നമ്മുടെ കുട്ടികളെ രക്ഷിക്കാൻ കഴിവുള്ള ഒരു ഗവന്മെന്റ് ഇനിയെന്നാണ് നമുക്കുണ്ടാവുക?
